പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്ര ചരിത്രം
-
പുതുക്കുളം ശ്രീ നാഗരാജാ സ്വാമി ക്ഷേത്രത്തിൻറെ ഗതകാല ചരിത്രം കൃത്യമായ ഒരു ലിഖിതരേഖയായി ലഭിച്ചിട്ടില്ലെങ്കിലും പരമ്പരയായി കൈമാറി പോന്ന വായ്മൊഴിയിലൂടെ പുതുക്കുളം നാഗരാജാവിൻറെ ചരിത്രം ഇങ്ങനെ വായിക്കാം.
മലബാറിൽ വസിച്ചിരുന്ന പ്രതാപശാലികളും ജന്മികളുമായിരുന്ന പുതുക്കുളം, കുറുമ്പത്തൂർ ബ്രാഹ്മണ കുടുംബങ്ങൾ ചില അനിഷ്ട സംഭവങ്ങളെ തുടർന്ന് പലായനം ചെയ്ത് വടക്കുംകൂറിൽ അഭയം പ്രാപിച്ചു. വടക്കുംകൂർ രാജഭരണപ്രദേശത്തിന്റെ അധീനതയിൽ ഉൾപ്പെട്ട തൊടുപുഴയിലെ മണക്കാട് എന്ന ദേശത്ത് മഹാരാജാവ് തിരുമനസ്സ് തൻറെ സഹാനുഭുതിയാൽ അവർക്ക് വസിക്കുവാനായി ഒരു ദേശം തന്നെ അനുവദിച്ചു നൽകി. പ്രവാസികളായി ഇവിടെ എത്തിച്ചേർന്ന പുതുക്കുളം, കുറുമ്പത്തൂർ കുടുംബങ്ങൾ കാലക്രമേണ സ്ഥിരവാസികളായി ഉയർന്നു.അവരുടെ കുലദൈവമായിരുന്ന നരസിംഹമൂർത്തിയും ഭഗവതിയും മണക്കാടിനും കുലദൈവങ്ങളായിമാറി. കാലക്രമേണ ദേവസ്വത്തിന് വിട്ടുകൊടുക്കപ്പെട്ട തങ്ങളുടെ ആരാധനാമൂർത്തിയുടെ ആശ്രിതരായി അവർ അവിടെ കഴിഞ്ഞുകൂടി. ഇവരിൽ ചിലർ കുലവൃത്തികളിൽ ഏർപ്പെടുകയും മറ്റു ചിലർ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്തു. അധ്യാപകരും തൊഴിലിടങ്ങളിൽ ഭിഷഗ്വരരും തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചവരും അവർക്കിടയിൽ ഉണ്ടായിരുന്നു. തൊഴിൽ നേടിയും തൊഴിൽ നൽകിയും അവർ മറ്റുള്ളവർക്ക് മാർഗദർശികളായി മാറി. തങ്ങൾക്കൊപ്പം അനുഗമിച്ച അനുചര വൃന്ദത്തിനും അവർ രക്ഷകരായി നിലകൊണ്ടു. കാലക്രമേണ കുറുമ്പത്തൂരും പുതുക്കുളവും രണ്ട് ശാഖകളായി പിരിഞ്ഞു. കുറുമ്പത്തൂരിന് നരസിംഹവും പുതുക്കുളത്തിനു ഭഗവതിയും ഉപാസനാമൂർത്തികളായി. പലശാഖകളായി പിരിഞ്ഞെങ്കിലും അവർ ഒരുമയോടുകൂടി ജീവിതം തുടർന്നു പോന്നു.
ഈ കലാകാലഘട്ടത്തിലാണ് ചരിത്രപരമായ മാറ്റത്തിനു കരണഭൂതമായ ആ സംഭവം അരങ്ങേറുന്നത്. എല്ലാവർഷവും കന്നിമാസത്തിലെ സർപ്പപൂജക്കായി പാമ്പുമ്മേക്കാട്ട് മനയിൽ നിന്നും ഒരു ബ്രാഹ്മണശ്രേഷ്ഠൻ ഈ പ്രദേശങ്ങളിൽ എത്തി പൂജകൾ കഴിച്ച് മടങ്ങുക പതിവായിരുന്നു. അങ്ങനെ ഒരിക്കൽ സർപ്പപൂജക്കായി ദേശത്തെത്തിയ അദ്ദേഹത്തെ മഹാവ്യാധിയായ വസൂരി ബാധിച്ചു. ഈ രോഗാവസ്ഥയിൽ അതിഥി ഖിന്നനാവുകയും സ്വഭവനത്തിലേക്ക് പുറപ്പെടുവാൻ കഴിയാതെ വന്നവന്ന സാഹചര്യം അറിയിച്ച് പരിചാരകനെ പുതുക്കുളത്തേക്ക് അയക്കുകയും ചെയ്തു. സ്വജനങ്ങൾ പോലും ഭയത്തോടെ അകന്നുമാറുന്ന ഈ മഹാവ്യാധിയിൽ പുതുക്കുളത്തെ മഹാമനസ്കരായ അംഗങ്ങൾ അദ്ദേഹത്തെ സഹാനുഭൂതിയോടെയും ഭയലേശമെന്യേയും പരിചരിക്കുകയും, നാളുകൾ നീണ്ട ആ പരിചരണത്തിലൂടെ അദ്ദേഹം രോഗവിമുക്തനാകുകയും ചെയ്തു. രോഗം മാറിയ അതിഥിയെ പുതുക്കുളത്തെ നല്ലവരായ ബ്രാഹ്മണർ തന്നെ പാമ്പുമ്മേക്കാട്ട് മനയിൽ കൊണ്ടുചെന്നാക്കുകയും ഈ മഹാമനസ്കതയിൽ നന്ദിസൂചകമായി അവിടുത്തെ കാരണവർ ധനം ദക്ഷിണയായി നൽകുകയും ചെയ്തു. എന്നാൽ സത്കർമം പുണ്യം പ്രദാനം ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന പുതുക്കുളത്തെ ബ്രാഹ്മണശ്രേഷ്ഠർ ആ ദക്ഷിണ നിരസിച്ച് വിനയാന്വിതനായി ശിരസ്സുനമിച്ചു. പുതുക്കുളത്തിൻ്റെ മഹാമനസ്കതയിൽ മനംനിറഞ്ഞ പാമ്പുമ്മേക്കാട്ടെ കാരണവർ നന്മയുടെ നിറകുടമായ ഇവർക്ക് എല്ലാക്കാലത്തും തുണയേകുവാൻ അഞ്ച് സർപ്പചൈതന്യം ദാനമായി നൽകി. വിശിഷ്ടമായ ഉപാസനമന്ത്രം പനയോലയിൽ എഴുതി നൽകുകയും, ഈ സർപ്പചൈതന്യങ്ങൾക്ക് യഥാവിധി പൂജകൾ ഒരു തപസ്യയായി അനുഷ്ഠിച്ചാൽ പുതുക്കുളത്തിനും സമീപവാസികൾക്കും നന്മയും അഭിവൃദ്ധിയും വന്നുചേരുമെന്ന് അനുഗ്രഹിച്ച് അയക്കുകയും ചെയ്തു.
ഇക്കഥയെല്ലാം ചരിത്രമാണെങ്കിലും, ഇന്നത്തെ പുതുക്കുളത്തിന് സുവ്യക്തമായ ഒരു ചിത്രം ഉണ്ട്. പുതുക്കുളത്തിനു പുനർജീവൻ നൽകിയത് ഈ ക്ഷേത്രഭരണം ഏറ്റെടുത്ത പുതുക്കുളത്തെ ഒരു മഹാശയനാണ്. ഇദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ പുതുക്കുളം നാഗരാജ ക്ഷേത്രം അഭിവൃദ്ധിയിലേക്ക് ഉയർന്നുവന്നു. പുതുക്കുളത്തിനും തദ്ദേശവാസികൾക്കും ഐശ്വര്യവും അഭിവൃദ്ധിയും നൽകിയ സർപ്പചൈതന്യത്തെ ഭക്തജനങ്ങൾ ബഹുമാനം നൽകി ആദരിച്ചു പോരുന്നു. നാടിൻറെ വിവിധഭാഗങ്ങളിൽ നിന്ന് ദർശനപുണ്യം തേടി എത്തുന്ന ഭക്തസഹസ്രങ്ങളുടെ അഭീഷ്ടദായകനായി പ്രഭാതസൂര്യനെപ്പോലെ ഉദിച്ചുയർന്ന് കീർത്തി പരത്തി പുതുക്കുളം ശ്രീ നാഗരാജാവ് ഇന്ന് ഇവിടെ പരിലസിക്കുന്നു. സര്പ്പദോഷങ്ങൾ അകറ്റുവാനും സന്താനലബ്ധിക്കും ഇവിടുത്തെ വഴിപാടുകൾ ശുഭകരം എന്ന് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നു.
കന്നിമാസത്തിലെ ആയില്യം, മകം നാളുകളിലാണ് ഇവിടെ ഉത്സവം നടത്തപ്പെടുന്നത്. എല്ലാ മലയാളമാസത്തിലെ ആയില്യം നാളിലും പത്താമുദയം, പ്രതിഷ്ടാദിനമായ മീനമാസത്തിലെ പുണർതം നാൾ എന്നിവയാണ് വിശേഷദിനങ്ങൾ. .